ബസ്സിൽ കേറി വന്ന നേരം കേഷുമാവന്റെ പ്രായമുള്ള അമ്മാവൻ മാറിൽ തട്ടി എന്നിട്ടു ഒരു കമെന്റും..

കൗമാരം ചുമന്ന കുംങ്കുമം ചാർത്തി ശരീരത്തിലേക്ക് കടന്നു വന്ന നാളിലാണ്, അവൾ തന്റെ ശരീരത്തിൽ കെട്ടി മുറുക്കിവയ്കേണ്ട ചിലതുണ്ട് എന്നു മനസിലാക്കിയത്. കച്ച കെട്ടി മുറുക്കി ഭദ്രമാക്കേണ്ട ആവിശ്യമെന്തിന്?? അതിനു മുകളിൽ വീണ്ടും മേൽ മുണ്ടിട്ട് മറച്ചു വെക്കേണ്ട ആവിശ്യമെന്തിന്?
മുലകൾ ശരീരത്തിന്റെ ഭാഗമല്ലേ..??
അറിയില്ല ..!!

അമ്മ ആദ്യമായി മുലക്കച്ച കെട്ടി കൊടുത്തത് കാവിലെ ഉത്സവത്തിന്.
12 ആനകളെ നിരത്തി നിർത്തിയ ഉത്സവത്തിന് ഒത്തിരി കണ്ണുകൾ തന്റെ മുഖം മാറിൽ ആണെന്ന് തെറ്റിദ്ധരിച്ഛ് അങ്ങോട്ട് തന്നെ നോക്കി..
കലാലയ വരാന്തയിലൂടെ നടന്നു നീങ്ങിയപ്പോൾ കൂട്ടമായി നിന്നിരുന്ന പയ്യന്മാർ, അപ്പുന്റെ പ്രായം വരും!! അവരും നോക്കി..

ബസ്സിൽ കേറി വന്ന നേരം കേഷുമാവന്റെ പ്രായമുള്ള ഒരു അമ്മാവൻ മാറിൽ തട്ടി ” എന്തൊരു മുലയാ എന്ന പുകഴ്ത്തലും!! ആരും കണ്ടില്ല, കേട്ടില്ല എന്നുറപ്പിച്ച് ഓടി വീട്ടിൽ വന്നു കുളിമുറിയിൽ പോയി കരഞ്ഞു…
പഠിപ്പ് നിർത്തി..
കല്യാണം ആയി..

വിവരം അറിഞ്ഞു കാണാൻ വന്ന ഉണ്ണിയേട്ടൻ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടില്ല, പകരം ചായിപ്പിൽ വെച്ച് തന്റെ മുലക്കച്ച മാറ്റി മുലകണ്ണുകളെ ഓമനിച്ചു, കൊഞ്ചിച്ചു, ചുംബിച്ചു, തലോടി, ഉടച്ചു.. ചേമ്പും കാട്ടിൽ ഓടി മറഞ്ഞു..

കല്യാണം കഴിഞ്ഞ നാളുകളിൽ തന്റെ മാറിടം, കളിമണ്ണിൽ ശിൽപ്പം ഉണ്ടാക്കാൻ തയ്യാറെടുക്കും മുമ്പുള്ള ചെളി പോലെ ദിവസവും ഉടഞ്ഞുകൊണ്ടേ ഇരുന്നു..
നീളം കൂടിയ രാത്രികളിൽ ഭർത്താവ് മുലകണ്ണുകളോട് സംസാരിച്ചു…
മുലകൾ ശരീരത്തിന് വീണ്ടും അലങ്കാരമായി..

പഴയ മുലക്കച്ചകൾ അമ്മയ്ക്ക് കൊടുത്തു..
പിന്നാമ്പുറത്ത് അരി വാങ്ങാൻ വന്ന നാണി തളള അമ്മായി-അമ്മയോട് മുല പാൽ ചോദിച്ചു..
ആയിട്ടില്ല എന്ന് പറഞ്ഞപ്പോൾ നാണി തള്ള “മോല കണ്ടപ്പോ യേൻ ഓർത്തു പെറ്റാർക്കും ന്ന്”
പിറ്റേന്ന് മുതൽ താൻ
കച്ച വീണ്ടും മുറുക്കി ഇട്ടു..

പ്രസവിച്ചു..
പാൽ കൊടുക്കാൻ നേഴ്സ് കുഞ്ഞിനെ കൊണ്ട് വന്നു
പാൽ നിറഞ്ഞു തിങ്ങി ഉയർന്നു നിന്ന മുലകൾ ആണ് കുഞ്ഞ് ആദ്യം കണ്ടത്..
നേഴ്സ് നോക്കിയതും മുലയിൽ തന്നെ…
മാറു മറയ്ക്കാൻ കിട്ടിയത് മുഷിഞ്ഞ വെള്ള മുണ്ടും..

ഇന്നലെ മുലകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്തു, ഹോസ്പിറ്റൽ കിടക്കയ്ക്ക് ചുറ്റും ആരൊക്കെയോ ഉണ്ട്..
മുലകൾ ഇല്ലാതെ നിവർന്ന് , തളർന്നു കിടക്കുന്ന തന്നെ കാണാൻ വന്നവരെല്ലാം നോക്കുന്നത് മുലകൾ ഇല്ലാത്ത കച്ച കെട്ടി മുറുക്കാത്ത മാറിടത്തിലേക്ക് തന്നെ!!!
മറയ്ക്കാൻ മുലകൾ ഇല്ല എങ്കിലും, അടുത്ത് കിടന്ന തോർത്ത് എടുത്ത് അവൾ മാറ് മറച്ചു..

രചന : Kalyani Bava Pazhangadan
#Breastcancer
#October
#BreastcancerAwarenessMonth

Leave a Reply

Your email address will not be published. Required fields are marked *